
NATIONAL NEWS NEWDELHI:ന്യൂഡൽഹി: ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 29 ഉദ്യോഗസ്ഥരുമായി കാണാതായ വ്യോമസേനയുടെ അന്റോനോവ്-32 ട്രാൻസ്പോർട്ട് വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 2016 ജൂലൈയിൽ ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം കാണാതായത്.ചെന്നൈ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ (310 കിലോമീറ്റർ) ചുറ്റളവിൽ 3,400 മീറ്റർ താഴ്ചയിലാണ് എഎൻ-32 വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുടെ ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (AUV) ആണ് വിമാനത്തിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഏഴര വർഷങ്ങൾക്ക് മുൻപ് കാണാതായ വിമാനത്തിൻ്റെ ഭാഗമാണെന്ന് വ്യക്തമായത്.പരിശോധനയിൽ കണ്ടെത്തിയത് കാണാതായ AN-32 വിമാനത്തിൻ്റെ ഭാഗങ്ങളാണെന്ന് വ്യക്തമായതായി ഇന്ത്യൻ എയർഫോഴ്സ് വക്താവ് വിംഗ് കമാൻഡർ ആശിഷ് മോഗെ വെള്ളിയാഴ്ച പറഞ്ഞു. മൾട്ടി-ബീം സോണാർ, സിന്തറ്റിക് അപ്പേർച്ചർ സോണാർ, ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് കടലിനടിയിൽ പരിശോധന നടത്തിയത്. അവശിഷ്ടങ്ങൾ ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് രു നേവി ഉദ്യോഗസ്ഥൻ പറഞ്ഞു. ആഴത്തിലുള്ള പരിശോധന ഏറെ ബുദ്ധിമുട്ടേറിയതും ചെലവേറിയതുമാണ്.