KERALA NEWS TODAY KOLLAM:കൊല്ലം: തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും സിപിഎം നേതാവുമായ സലീം മണ്ണേൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. തൊടിയൂർ പഞ്ചായത്ത് പരിധിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹ മധ്യസ്ഥ ചർച്ചയ്ക്കിടെ മർദനമേറ്റാണ് സലീം മണ്ണേൽ (60) കൊല്ലപ്പെട്ടത്.
ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നം പരിഹരിക്കുന്നതിനായി നടന്ന മധ്യസ്ഥ ചർച്ചയ്ക്കിടെയാണ് സംഭവം. പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വൈകിട്ട് നാലുമണിക്കായിരുന്നു പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കൂടിയായ സലീം മണ്ണേലിൻ്റെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടന്നത്.ഇതിനിടെ, ഓഫീസിലേക്ക് എത്തിയ വധുവിൻ്റെ ബന്ധുക്കൾ ഒരു പ്രകോപനവുമില്ലാതെ സലീം മണ്ണേലിനെ മർദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ സലീമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവമറിഞ്ഞ് നിരവധി പേരാണ് പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്ത് അങ്കണത്തിലും ആശുപത്രിയിലും എത്തിയത്. സംഭവസ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. തൊടിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിനെ പ്രതിനിധീകരിക്കുന്ന സലീം മണ്ണേൽ റെയിൽവെ കോൺട്രാക്ടർ കൂടിയായിരുന്നു. കന്നിമത്സരത്തിൽ തന്നെ വിജയിച്ചാണ് വൈസ് പ്രസിഡന്റായത്. സലീം മണ്ണേലിൻ്റെ മരണത്തിൽ കരുനാഗപ്പള്ളി പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.