KERALA NEWS TODAY ALAPPUZHA :ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങളോടനബന്ധിച്ച് പൊതുജന സുരക്ഷയ്ക്കായി നാളെ (ഡിസംബർ 31) ഉച്ചയ്ക്ക് ശേഷം രണ്ട് മണിമുതൽ നഗരത്തിൽ കർശന ഗതാഗത, സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങൾക്കുമായും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലും ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുമായി 500 ൽ പരം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കും.ബീച്ചിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയിൽമാല മോഷണം, പോക്കറ്റടി മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും പൊതുജനങ്ങൾ കടലിലേക്കിറങ്ങി അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ലൈഫ് ഗാർഡുകളെയും നിയമിക്കും.
പൊതുസ്ഥലത്തുള്ള മദ്യപാനം, മദ്യലഹരിയിൽ വാഹനമോടിക്കുക, മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് അസഹ്യതയുളവാക്കുന്ന തരത്തിൽ ശബ്ദശല്യം പോലുള്ളവ സൃഷ്ടിക്കുക തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.
മദ്യലഹരിയിൽ വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് കോടതി മുൻപാകെ ഹാജരാക്കുന്നതും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻറ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതുമാണ്.