NATIONAL NEWS :ബെംഗളൂരു: ലക്ഷ്യസ്ഥാനം ഏതായാലും അതിവേഗത്തിൽ എത്തുക എന്നത് പ്രധാനമാണ്. ആർക്കാണ് ഇത്ര തിടുക്കമെന്ന് ചോദിക്കുന്നവർ പോലും തനിക്ക് പോകേണ്ടയിടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന വഴികളെ തെരഞ്ഞെടുക്കുകയുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിളേക്ക് വന്ദേ ഭാരത് എക്സ്പ്രസുകളിലൂടെ അതിവേഗ യാത്ര എളുപ്പമാക്കിയ ഒരുവർഷമാണ് പടിയറങ്ങാൻ പോകുന്നത്. കേരളത്തിലും സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. നിലവിൽ 34 വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്തുടനീളം ഇന്ത്യൻ റെയിൽവേ നടത്തുന്നത്. വൈകാതെ തന്നെ നാല് റൂട്ടുകളിൽകൂടി വന്ദേ ഭാരത് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളികൾക്ക് ഉൾപ്പെട ഗുണകരമാകുന്ന റൂട്ടും ഇതിൽ ഉൾപ്പെടുന്നുണ്ട്.ജമ്മു – ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ്, സെക്കന്ദരാബാദ് – പൂനെ വന്ദേ ഭാരത് എക്സ്പ്രസ്, ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്, വാരണാസി – ഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് പുതുതായി നിരത്തിലിറങ്ങാൻ പോകുന്നത്. കശ്മീർ താഴ്വരയിൽ വൈകാതെ തന്നെ വന്ദേ ഭാരത് കുതിച്ചു തുടങ്ങും. ഉധംപൂർ – ശ്രീനഗർ – ബാരമുള്ള റെയിൽ ലിങ്ക് വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുക. 15 കി.മീ ദൂരത്തിൽ ബനിഹാൽ, ഖാരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വന്ദേ ഭാരതിന്റെ ട്രയൽ റൺ നടന്നിരുന്നു. പുതിയ റെയിൽവേ ലിങ്ക് വഴി ജമ്മു – ശ്രീനഗർ യാത്ര 3.5 മണിക്കൂറായി കുറയും.