Latest Malayalam News - മലയാളം വാർത്തകൾ

MDMA കേസ്: ലഹരിസംഘത്തിലെ പ്രധാനിയായ സുഡാന്‍ സ്വദേശിയെ ബെംഗളൂരുവില്‍നിന്ന് പിടികൂടി കൊല്ലം പോലീസ്

KERALA NEWS TODAY-കൊല്ലം : ലഹരി വ്യാപാരസംഘത്തിലെ പ്രധാനിയായ സുഡാന്‍ സ്വദേശിയെ ബെംഗളൂരുവില്‍നിന്ന് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി.
റാമി ഇസുല്‍ദിന്‍ ആദം അബ്ദുള്ള (23) ആണ് അറസ്റ്റിലായത്.

ഒക്ടോബര്‍ എട്ടിന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനുസമീപത്തുനിന്ന് 75 ഗ്രാം എം.ഡി.എം.എ.യുമായി ഇരവിപുരം ബാദുഷ മന്‍സിലില്‍ ബാദുഷയെ (23) പിടികൂടിയിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് ഇയാളുടെ മയക്കുമരുന്നു ഉറവിടത്തെ സംബന്ധിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്.

പ്രതികള്‍ക്ക് ഇടനിലക്കാരിയായിനിന്ന ആഗ്‌നസ് എന്ന യുവതിയെ ബെംഗളൂരുവില്‍നിന്ന് 16-ന് പിടികൂടിയിരുന്നു.
യുവതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുഡാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്യാനായത്.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്നു മാഫിയാ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ റാമി. വ്യാവസായികാടിസ്ഥാനത്തില്‍ മയക്കുമരുന്നു ശേഖരിച്ച് ഇടനിലക്കാര്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ വി.ജെ.ഡിപിന്‍, അശോക് കുമാര്‍, എസ്.സി.പി.ഒ. സുമേഷ്, സി.പി.ഒ.മാരായ അനു, ബുഷ്റമോള്‍, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply

Your email address will not be published.