Latest Malayalam News - മലയാളം വാർത്തകൾ

കരിമണല്‍ കമ്പനിയില്‍നിന്ന് വാങ്ങിയ പണത്തിന് വീണ നികുതിയടച്ചു; ജി.എസ്.ടി. വകുപ്പിന്റെ റിപ്പോര്‍ട്ട്

KERALA NEWS TODAY-തിരുവനന്തപുരം: എക്‌സാലോജിക് – സി.എം.ആര്‍.എല്‍. സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഐ.ജി.എസ്.ടി. അടച്ചതായി നികുതി വകുപ്പിന്റെ കണ്ടെത്തല്‍. സി.എം.ആര്‍.എല്ലില്‍ നിന്ന് വീണാ വിജയന്‍ കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ജി.എസ്.ടി. കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് നികുതി സെക്രട്ടറി ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് കൈമാറിക്കഴിഞ്ഞെന്നാണ് വിവരം. അദ്ദേഹം റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറുമെന്നും അറിയുന്നു. മാസപ്പടി ആരോപണം ഉയര്‍ത്തിയ അലയൊലികള്‍ ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ നീറിപ്പിടിക്കുമ്പോള്‍ സര്‍ക്കാരിനും സി.പി.എമ്മിനും സുരക്ഷാകവചമൊരുക്കുന്നതാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

വീണ വിജയന്‍ കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ആനുപാതികമായ തുക ജി.എസ്.ടിയായി അടച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമിയോടു സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐ.ടി. കമ്പനി. ആയതിനാല്‍, കര്‍ണാടകയിലും കേരളത്തിലുമായിട്ടായിരുന്നു നികുതി ഉദ്യോഗസ്ഥരുടെ പരിശോധന. ഐ.ജി.എസ്.ടി. ഉള്‍പ്പെടെ വീണ അടച്ചിട്ടുണ്ടെന്നും ഇതിനൊക്കെ രേഖകളുണ്ടെന്നും മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിലാണ് സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും വീണ വിജയന്‍ 1.72 കോടി രൂപ മാസപ്പടി കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുണ്ടായത്.

ഐ.ടി. സേവനങ്ങള്‍ നല്‍കാനാണ് കരാറുണ്ടാക്കിയതെന്നും അതുണ്ടായില്ലെന്നും വെളിപ്പെടുത്തലുണ്ടായി. വീണയ്ക്കും കമ്പനിക്കും വെവ്വേറെയാണ് കമ്പനി പണം കൈമാറിയത്. ഇങ്ങനെയാണ്, 1.72 കോടി രൂപയുടെ മാസപ്പടി കൈപ്പറ്റിയെന്ന വിലയിരുത്തലുണ്ടായത്. ആരോപണം നിയമസഭയിലും പുറത്തും കത്തിപ്പിടിച്ചതോടെ സി.പി.എമ്മും സര്‍ക്കാരും പ്രതിരോധത്തിലായി. വീണ നികുതി അടച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും നിയമസഭയിലും പുറത്തും വിശദീകരിച്ചെങ്കിലും ഇതുവരെ കണക്കൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ഇതിനിടെ, വീണയുടെ സ്ഥാപനത്തിനു ലഭിച്ച തുകയുടെ ഐ.ജി.എസ്.ടി അടച്ചോ എന്ന ചോദ്യത്തിന് ജി.എസ്.ടി. വകുപ്പ് വിവരാവകാശ നിയമമനുസരിച്ച് മറുപടി നല്‍കാത്തതും ദുരൂഹതയും വിവാദവും വര്‍ധിപ്പിച്ചു. വ്യക്തികളുടെ സ്വകാര്യതെ മാനിച്ച് വിവരാവകാശനിയമം സെക്ഷന്‍ 8(1) ഇ പ്രകാരം മറുപടി നല്‍കാനാവില്ലെന്നാണ് ജി.എസ്.ടി. വകുപ്പിന്റെ വാദം. നികുതിദായകന്‍ വകുപ്പിന് നല്കുന്ന വിവരങ്ങള്‍ സ്വകാര്യമാണെന്നും ഭൂരിപക്ഷതാല്പര്യത്തിന്റെ പരിധിയില്‍വരുന്നതല്ലെന്നും മറുപടിയില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.