Latest Malayalam News - മലയാളം വാർത്തകൾ

സമ്മാനമില്ലെന്ന് കരുതി ഓട്ടോ ഡ്രൈവർ കുപ്പയിൽ എറിഞ്ഞ ലോട്ടറിയ്ക്ക് ഒരു കോടി

KOTTAYAM KERALA NEWS TODAY: ഭാഗ്യം അങ്ങനെയാണ്.. ചിലര്‍ വലിച്ചെറിഞ്ഞാലും വേണ്ടെന്നുവെച്ചാലും ഭാഗ്യം നിങ്ങളെ തേടിവരും. സമ്മാനമില്ലെന്ന് കരുതി വീട്ടിലെ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അടിച്ചത് ഒരു കോടി രൂപ. ആദ്യം ഫലം പരിധോധിച്ചപ്പോഴാണ് സമ്മാനമില്ലെന്ന് കരുതി നിരാശയില്‍ മൂലവട്ടം ചെറുവീട്ടിൽ‌ വടക്കേതിൽ സി.കെ.സുനിൽകുമാർ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്. സംശയം തോന്നി വീണ്ടും ഫലം നോക്കിയപ്പോഴാണ് ചുരുട്ടിക്കളഞ്ഞത് മഹാ ഭാഗ്യമാണെന്ന് പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഈ ഓട്ടോഡ്രൈവർക്ക് മനസിലായത്. വ്യാഴാഴ്ച രാവിലെ പത്രം വായിച്ചു ഫലം നോക്കുന്നതിനിടെ ചെറിയ സമ്മാനങ്ങളുടെ നമ്പറുകൾ ഒത്തുനോക്കിയെങ്കിലും സമ്മാനമില്ലെന്ന് കണ്ടതോടെ സുനിൽകുമാർ ടിക്കറ്റ് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. പക്ഷെ മനസ് അനുവദിച്ചില്ല.. ഒന്നുകൂടി ഫലം നോക്കുന്നതിനിടെ ഒന്നാം സമ്മാനം ലഭിച്ച നമ്പറിൽ കണ്ണുടക്കിയപ്പോള്‍ ദാ കിടക്കുന്നു ഒന്നാം സമ്മാനം ഒരു കോടി.വീട് പണയം വച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കുമ്പോഴാണ് സുനിൽകുമാറിനെ ഭാഗ്യദേവത തുണച്ചത്. അമ്മ സരസമ്മയും ഭാര്യ ബിന്ദുവും മകൾ സ്നേഹയും മരുമകൻ ജെനിഫും ഒപ്പം ലോട്ടറി അടിച്ച സന്തോഷത്തിലാണ് സുനില്‍കുമാര്‍.

Leave A Reply

Your email address will not be published.