Latest Malayalam News - മലയാളം വാർത്തകൾ

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിന് പൊന്മുടി ഒരുങ്ങി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

SPORTS NEWS തിരുവനന്തപുരം: തിരുവനന്തപുരം: 28-ാമത് സീനിയർ, 14-ാമത് ജൂനിയർ ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ഒക്ടോബർ 26 മുതൽ 29 വരെ തിരുവനന്തപുരം പൊന്മുടിയിലാണ് ചാംപ്യൻഷിപ്പ് നടക്കുന്നത്. ചാംപ്യൻഷിപ്പിനായുള്ള 31 അം​ഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ 20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരുമാണുള്ളത്. കർണാടകയിൽ നിന്നുള്ള കിരൺകുമാർ രാജുവും പട്യാല നാഷണൽ സെന്റർ ഓഫ് എക്‌സലൻസിൽ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകർ.

തിരുവനന്തപുരത്ത് ഹോട്ടൽ ഹയാത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ടീമിന്റെ ജഴ്‌സി പ്രകാശനം നടന്നു. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിങ്, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ മനിന്ദർപാൽ സിങ് സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാർ, നിംസ് മെഡിസിറ്റി ജനറൽ മാനേജർ കെ.എ. സജു തുടങ്ങിയവർ പങ്കെടുത്തു .അഡ്വഞ്ചർ സ്പോർട്സിനും അഡ്വഞ്ചർ ടൂറിസത്തിനും കേരളം വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ഈ സാഹചര്യത്തിൽ കേരളത്തെ ലോക കായിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഒക്ടോബർ 25ന് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടേയും പ്രതിനിധികൾ പങ്കെടുക്കും.

Leave A Reply

Your email address will not be published.