KERALA NEWS TODAY-അരൂർ : ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 40 പേരിൽ നിന്നായി രണ്ട് കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ അരൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.
ചോറ്റാനിക്കര, ചേർത്തല കോടതികളുടെ അനുമതിയോടെ കാക്കനാട് ജയിലിൽനിന്ന് അഞ്ച് ദിവസത്തേക്കാണ് മുഖ്യ പ്രതി പെരുമ്പാവൂർ വെങ്ങോല മുതിരമാലി എ.ആർ. രാജേഷി (50) നെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.
ഇയാളുടെ മകൻ അക്ഷയ് രാജേഷി (23) നെ വ്യാഴാഴ്ച ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അരൂർ മുക്കം കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്താണ് ഇവർ ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിക്രൂട്ടിങ് ഏജൻസി നടത്തിയത്.
ഓരോ ഉദ്യോഗാർഥിയിൽനിന്നും ആറും ഏഴും ലക്ഷം രൂപയാണ് വാങ്ങിയത്.
വിസ ലഭിക്കാത്തതിനെ തുടർന്ന് കോട്ടയം കുമാരനെല്ലൂർ പൊട്ടങ്ങായിൽ വീട്ടിൽ ജോസഫ് പി. ലൂക്കോസാണ് ആദ്യം പരാതിയുമായെത്തിയത്.
പിന്നാലെ ആറുപേർ കൂടി പരാതി നൽകി.
ഇതേത്തുടർന്ന് ഡിവൈ.എസ്.പി. കെ.വി. ബെന്നി, അരൂർ സ്റ്റേഷൻ ഓഫീസർ പി.എസ്. സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മറ്റൊരു കേസിൽ ഹൈക്കോടതി നിർദേശാനുസരണം ചോറ്റാനിക്കര കോടതിയിൽ നിന്ന് ജ്യാമം എടുക്കാനെത്തിയ രാജേഷ്, പോലീസ് പിന്നാലെ ഉണ്ടെന്നത് തിരിച്ചറിഞ്ഞ് ജാമ്യം നേടിയില്ല. ഇതേത്തുടർന്ന് കാക്കനാട് ജയിലിലേക്കു മാറ്റിയ ഇയാളെ അവിടെ നിന്നാണ് അരൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉദ്യോഗാർഥികളിൽനിന്ന് വാങ്ങിയ രേഖകൾ, പണം വാങ്ങിയ അക്കൗണ്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇവരുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരെയും പോലീസ് ചോദ്യംചെയ്യും.
അരൂർ മുക്കം കേന്ദ്രീകരിച്ച് വാടകയ്ക്ക് വീടെടുത്താണ് പ്രതികൾ ഹാജിയാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിക്രൂട്ടിങ് ഏജൻസി നടത്തിയത്.