KERALA NEWS TODAY-ബെംഗളൂരു : ചന്ദ്രയാൻ–3 ദൗത്യത്തെ കളിയാക്കുന്ന മട്ടിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചു തെന്നിന്ത്യൻ നടൻ പ്രകാശ് രാജിനെതിരെ കേസ്.
കർണാടകയിലെ ബാഗൽക്കോട്ടെ ജില്ലയിലെ ബാനാഹട്ടി പൊലീസാണു കേസടുത്തത്.
നടന്റെ പോസ്റ്റ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു.
ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പുമാണു വിവാദമായത്.
ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ ഒരു ഗ്ലാസിൽനിന്നു മറ്റൊന്നിലേക്കു വീശിയടിക്കുന്നയാളുടെ കാരിക്കേച്ചറാണു പ്രകാശ് രാജ് പങ്കുവച്ചത്.
‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനിൽനിന്ന് വിക്രം ലാൻഡർ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പുമുണ്ടായിരുന്നു.
ഹിന്ദു സംഘടനാ നേതാവാണ് പ്രകാശ് രാജിനെതിരെ നടപടി ആവശ്യപ്പെട്ടു പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ് വിവാദമായതോടെ നടൻ വിശദീകരണവുമായി രംഗത്തെത്തി. ‘ചന്ദ്രനിൽ ചായക്കടയിട്ട മലയാളി’ എന്ന തമാശയാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിലായിരുന്നു അദ്ദേഹത്തിനെതിരെ വിമർശനം.