Kerala News Today-കോഴിക്കോട്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസില്‍ തട്ടിപ്പുകാരെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്.
പണം ചെന്ന ഗുജറാത്തിലെ അക്കൗണ്ട് ആരുടേതെന്ന് കണ്ടെത്തി.
പണം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുകയാണ്. തന്‍റെ മൂന്ന് സുഹൃത്തുക്കള്‍ക്കും സമാന രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ ലഭിച്ചതായി പരാതിക്കാരന്‍ വെളിപ്പെടുത്തി.
അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡിസിപി കെ ഇ ബൈജു മാധ്യമങ്ങളോട് പറഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇത്തരത്തിലുള്ള തട്ടിപ്പിനായി വിവരങ്ങള്‍ ശേഖരിക്കുന്നത്.
പരാതിക്കാരന്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലെ ആരുടെയെങ്കിലും ഫോണ്‍ ഹാക്ക് ചെയ്തതാവാനാണ് സാധ്യത.
അതുവച്ചാണ് ഇയാളുടെ വിവരങ്ങള്‍ അറിഞ്ഞത്. എന്നാല്‍ പണം പോയ ആളുടെ ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടമായ 40000 രൂപയുടെയും കൈമാറ്റം തടഞ്ഞതായി പോലീസ് അറിയിച്ചു. രത്‌നാകര്‍ ബാങ്കിലെ ഗുജറാത്തിലെ ഒരു അക്കൗണ്ടിലേക്കാണ് ആദ്യം രാധാകൃഷ്ണൻ്റെ പണം പോയത്. പിന്നീട് മഹാരാഷ്ട്രയിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിയിരുന്നു.
ഈ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തില്‍ വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായും രത്നാകര്‍ ബാങ്ക് അറിയിച്ചതായും കമ്മീഷണര്‍ പറഞ്ഞു.
Kerala News Today