Kerala News Today-കൊല്ലം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.
സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.
സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്.
2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ ആത്മഹത്യ ചെയ്തത്.
വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതൻ്റെ ആത്മഹത്യ.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്.
വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന ആളിന്‍റെ പേരിലുള്ള 14 1/2 സെന്‍റ് ഭൂമിയാണ് വര്‍ക്ക്ഷോപ്പ് തുടങ്ങാനായി സുഗതൻ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്തതോടെ സംഭവം വിവാദമായി. സംഭവത്തിൽ സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായതോടെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ലൈസൻസ് നല്‍കിയില്ല. വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അന്ത്യശാസനം നൽകുകയായിരുന്നു.
Kerala News Today