Latest Malayalam News - മലയാളം വാർത്തകൾ

പരാതികളുടെ ഫയൽ സമീപം; പഞ്ചായത്ത് ഓഫീസിൽ സാംസ്കാരിക പ്രവർത്തകൻ മരിച്ചനിലയില്‍

Kerala News Today-മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയും സിപിഎം അനുഭാവിയുമായ സാംസ്കാരിക പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ട് മരിച്ചനിലയില്‍. പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ വരാന്തയിലാണ് തൂങ്ങിമരിച്ചത്. പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ സമീപം കണ്ടെത്തി. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി.

വ്യാഴാഴ്ച രാത്രി പഞ്ചായത്ത് ഓഫീസിലെത്തി തൂങ്ങിമരിച്ചതാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി ഇയാൾ തർക്കത്തിൽ ആയിരുന്നു. വിഷയം പരിഹരിക്കാൻ നിരവധി തവണ പരാതി നൽകുകയും സോഷ്യൽ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ അനുകൂലമായി പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് സഹോദരൻ ഏതാനും മാസം മുമ്പ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച് നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്ന് പറഞ്ഞ് റസാഖ് പലതവണ വാർത്ത സമ്മേളനം നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്ത സമ്മേളനങ്ങൾ നടത്തി.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇ.എം.എസ് സ്മാരകം പണിയാൻ പാർട്ടിക്ക് എഴുതിനൽകിയിരുന്നു. ഇവർക്ക് മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കൽ. തിരക്കഥാകൃത്ത് ടി.എ റസാഖിൻ്റെ ഭാര്യാസഹോദരനാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾ ടി.വി ചാനലും നടത്തിയിരുന്നു. റസാഖ് പയ​മ്പ്രോട്ടിൻ്റെ മരണത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.