Kerala News Today-തിരുവനന്തപുരം: മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് വീണ്ടും നിയമിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റോഡ് കാമറ വിവാദത്തിൽ കെൽട്രോണിനെ വെള്ളപൂശാനാണ് ശ്രമം നടക്കുന്നത്. സർക്കാർ പറഞ്ഞതുപോലെ റിപ്പോർട്ട് എഴുതാത്തതിനാൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി. എന്നാൽ അനുകൂലമായി റിപ്പോർട്ട് എഴുതിക്കൊടുത്തപ്പോൾ ഉടൻ തിരിച്ചെടുക്കുകയും ചെയ്തു. ഇന്നലെ റിപ്പോർട്ട് നൽകി, ഇന്ന് തിരിച്ചെടുത്തു എന്നും ചെന്നിത്തല ആരോപിച്ചു.
ഒരാഴ്ചക്കിടെയാണ് റവന്യൂവകുപ്പിലേക്കും ആരോഗ്യവകുപ്പിലേക്കും സ്ഥലം മാറ്റമുണ്ടായത്. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. മൂന്നാഴ്ച കഴിഞ്ഞാണ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. കൊടിയ അഴിമതിയെ വെള്ളപൂശാൻ വ്യവസായ സെക്രട്ടറി കിണഞ്ഞ് ശ്രമിച്ചു. സർക്കാർ ആവശ്യപ്പെട്ട പോലെ റിപ്പോർട്ട് എഴുതി നൽകിയതോടെയാണ് ഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് വീണ്ടും മാറ്റിയത്. അനുകൂലമായ രീതിയിൽ റിപ്പോർട്ട് വാങ്ങാൻ ഈ രീതിയിൽ സ്ഥാനമാറ്റം നടത്തിയത് നാണംകെട്ട രീതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൊടിയ അഴിമതിയെ വെള്ളപൂശാൻ വ്യവസായ സെക്രട്ടറി കിണഞ്ഞ് ശ്രമിച്ചു. എന്നിട്ടും പഴുതുകൾ ബാക്കിയാണ്. സാങ്കേതിക തികവില്ലാത്ത അക്ഷര എങ്ങനെയാണ് ടെണ്ടറിൽ പങ്കെടുത്തത്. 2017 ലെ കമ്പനിയുടെ പേരിലാണ് അക്ഷര പങ്കെടുത്തത്. വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ടിന് കടലാസിൻ്റെ വിലപോലും ഇല്ല. കരാറിനെ വെള്ളപൂശൂന്ന റിപ്പോർട്ടിലൂടെ വിവാദം അവസാനിച്ചെന്ന് പി രാജീവ് സ്വപ്നം കാണേണ്ടതില്ലെന്നും ക്യാമറ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവർത്തിച്ചു.
Kerala News Today