Latest Malayalam News - മലയാളം വാർത്തകൾ

കണമലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ഉത്തരവ്

Kerala News Today-കോട്ടയം: എരുമേലി കണമലയില്‍ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ്റെ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല. മയക്കുവെടിവച്ച ശേഷം കാട്ടുപോത്തിനെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നാണ് നിര്‍ദേശം. കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ തീരുമാനമില്ലെങ്കില്‍ മൃതദേഹവുമായി വനംവകുപ്പ് ഓഫിസിലേക്ക് സമരം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റടക്കം രാവിലെ വ്യക്തമാക്കിയിരുന്നു.

ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകിയത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ആകില്ലെന്നാണ് വനം വകുപ്പിന്‍റെ നിലപാട്. വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് ആകില്ല. പകരം ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വച്ച് പിടികൂടാനാണ് വനം വകുപ്പിന്‍റെ നീക്കം. അതേസമയം, വനം വകുപ്പ് നിലപാടിനെതിരെ വീണ്ടും പ്രതിഷേധം തുടങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാർ.

അതിനിടെ, കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ എരുമേലി പോലീസ് കേസെടുത്തു. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 45 ഓളം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.