Kerala News Today-തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞടുപ്പിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തിൻ്റെ പേരിലാണ് നടപടി. യുയുസി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച വിദ്യാര്‍ഥിനിയെ മാറ്റിക്കൊണ്ട് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയെ തിരുകി കയറ്റിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പിശക് പറ്റിയെന്ന് കോളജ് പ്രിന്‍സിപ്പല്‍ നേരിട്ടെത്തിയും അല്ലാതെ സര്‍വകലാശാലയെയും അറിയിച്ചിരുന്നു. ഈ ഒരു വിശദീകരണത്തില്‍ യൂണിവേഴ്‌സിറ്റി തൃപ്തരല്ലാത്ത സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിയത്.
ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിൻ്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പലിനെ യുവിവേഴ്‌സിറ്റി ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് രേഖകളുമായി ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് രജിസ്ട്രാർ അറിയിച്ചു. കാട്ടാക്കട കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സിപിഐഎം അന്വേഷണം ആരംഭിച്ചിരുന്നു. പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുതലപ്പെടുത്തി. യുയുസി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയെടുത്തു.
Kerala News Today