ഒന്നാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ശബ്ദസന്ദേശം പുറത്ത്. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. അംഗങ്ങളിലാരോ ഈ സന്ദേശം ചോർത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ”ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്” ശബ്ദ സന്ദേശത്തിൽ പറയുന്നത്.