Latest Malayalam News - മലയാളം വാർത്തകൾ

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

22 students die after school building collapses in Nigeria

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിലെ കെട്ടിടമാണ് തകർന്നത്. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ 26 ഓളം വിദ്യാർത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ അധികൃതരുടെ കണക്കുകൾ പ്രകാരം 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ‌ക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Leave A Reply

Your email address will not be published.