സൂപ്പർ എട്ടിലെ ത്രില്ലർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് അഫ്ഗാനിസ്ഥാൻ ട്വന്‍റി20 ലോകകപ്പ് സെമിയിൽ. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ എട്ടു റൺസിനാണ് അഫ്ഗാന്‍റെ ജയം.
അഫ്ഗാൻ ഒരു ഐ.സി.സി ടൂർണമെന്‍റിന്‍റെ സെമിയിലെത്തുന്നത് ആദ്യമാണ്. ഇന്ത്യക്കു പുറമെ ഗ്രൂപ്പ് വണ്ണിൽനിന്ന് അഫ്ഗാനും അവസാന നാലിലെത്തിയതോടെ ആസ്ട്രേലിയ സെമി കാണാതെ പുറത്തായി. നേരത്തെ, സൂപ്പർ എട്ടിൽ ഓസീസിനെ അഫ്ഗാൻ അട്ടിമറിച്ചിരുന്നു. ചെറിയ സ്കോറിനു പുറത്തായ അഫ്ഗാൻ, തകർപ്പൻ ബൗളിങ്ങിലൂടെ ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടിയാണ് ചരിത്ര വിജയം സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടായി. മഴ കാരണം ഡി.എൽ.എസ് നിയമപ്രകാരം ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 19 ഓവറിൽ 113 റൺസാക്കിയിരുന്നു.