സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ നാലാമത്തെ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ച് സർക്കാർ അധ്യാപകനും ഭാര്യയും. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് ഇവർ കാട്ടിലുപെക്ഷിച്ചത്. പക്ഷെ കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിട്ടും അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്. ഗ്രാമീണർ അവന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തും മുൻപ് തണുപ്പും, പ്രാണികളുടെ കടിയുമെല്ലാം ആ കുഞ്ഞ് ഒരു രാത്രി മുഴുവൻ സഹിച്ചു. രക്തം പുരണ്ട, വിറയ്ക്കുന്ന കുഞ്ഞ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്.
കുഞ്ഞിന്‍റെ അച്ഛൻ ബബ്ലു ദണ്ഡോലിയ സർക്കാർ സ്കൂളിലെ അദ്ധ്യാപകനാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പേര് രാജ്കുമാരി ദണ്ഡോലിയ എന്നാണ്. ഇവരുടെ നാലാമത്തെ കുഞ്ഞിനെയാണ് ദമ്പതികൾ കാട്ടിൽ ഉപേക്ഷിച്ചത്. മധ്യപ്രദേശിൽ മക്കളുടെ എണ്ണം കൂടിയാൽ സർക്കാർ ജോലിയിൽ നിയന്ത്രണങ്ങളുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന് ഭയന്ന് ദമ്പതികൾ ഗർഭധാരണം രഹസ്യമാക്കി വെച്ചു. ദമ്പതികൾക്ക് വേറെ മൂന്ന് മക്കൾ കൂടിയുണ്ട്.
സെപ്റ്റംബർ 23-ന് അതിരാവിലെയാണ് രാജ്കുമാരി വീട്ടിൽ വെച്ച് പ്രസവിച്ചത്. മണിക്കൂറുകൾക്കകം കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നന്ദൻവാടി ഗ്രാമത്തിലെ പ്രഭാത സവാരിക്കാരാണ് ആദ്യം കരച്ചിൽ കേട്ടത്. ഏതെങ്കിലും മൃഗമായിരിക്കും എന്നാണ് ആദ്യം കരുതിയതെന്ന് ഗ്രാമീണൻ പറഞ്ഞു. പക്ഷേ അടുത്തേക്ക് ചെന്നപ്പോൾ കല്ലിനടിയിൽ കുഞ്ഞു കൈകൾ പിടയുന്നത് കണ്ടെന്ന് ഗ്രാമീണർ പറഞ്ഞു. ഒരു രക്ഷിതാവും ഇങ്ങനെ ചെയ്യരുതെന്നും ഗ്രാമീണർ പ്രതികരിച്ചു.
#NATIONAL NEWS #NATIONALNEWS #nationalnews സർക്കാർ ജോലി നഷ്ടമാകുമെന്ന് ഭയം ; കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചു #nationalnews