Latest Malayalam News - മലയാളം വാർത്തകൾ

സ്കൂളിനു സമീപത്തെ ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; കാഞ്ഞങ്ങാട് 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാഞ്ഞങ്ങാട്∙ സ്കൂളിനു സമീപത്തെ ആശുപത്രിയിൽനിന്നുള്ള ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ച് 38 സ്കൂൾ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. കാസർകോട് കാഞ്ഞങ്ങാടാണു സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരിൽ 5 പേർ ജില്ലാ ആശുപത്രിയിലും 13 പേർ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തിൽ തുടരുകയാണ്. ഇവരുടെ ഓക്സിജൻ ലെവലിൽ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം

ക്ലാസ് മുറിക്ക് അടുത്തായാണ് ജനറേറ്റർ സ്ഥാപിച്ചിരുന്നത്. ആരുടെയും നില ഗുരുതരമല്ല. സ്ഥിതഗതികൾ വിലയിരുത്താൻ സബ് കലക്ടർ സുഫിയാൻ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്കൂളിലേക്ക് പുക പടരാൻ കാരണം. ജനസാന്ദ്രതയുള്ള മേഖലയിൽ ജനറേറ്റർ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

Leave A Reply

Your email address will not be published.