Latest Malayalam News - മലയാളം വാർത്തകൾ

‘തോറ്റത് ഭരണവീഴ്ച കാരണം, എസ്എഫ്‌ഐക്ക് പ്രാകൃതശൈലി’; വല്യേട്ടനെ തിരുത്താൻ ബിനോയ്

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിയ കാര്യങ്ങളോടു വിയോജിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എസ്എഫ്‌ഐ വിഷയത്തിലും സ്വീകരിച്ചത് വിഭിന്ന നിലപാട്. ഇത്തരം വിഷയങ്ങളില്‍ ഇടതുമുന്നണിയിലെ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ് യു നേതാവിന് മര്‍ദനമേറ്റ വിഷയത്തില്‍ എസ്എഫ്‌ഐയെ മുഖ്യമന്ത്രി നിയമസഭയില്‍ പൂര്‍ണമായി ന്യായീകരിച്ചതിനു പിന്നാലെയാണ് രൂക്ഷവിമര്‍ശനുമായി ബിനോയ് വിശ്വം രംഗത്തെത്തിയത്.

ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്‌ഐ എന്നും നിങ്ങള്‍ നടത്തിയ ആക്രമണങ്ങളെ വിവിധ തലത്തില്‍ നേരിട്ടാണ് എസ്എഫ്‌ഐ വളര്‍ന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആ നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനത്തെ വല്ലാതെ താറടിച്ചു കാണിക്കേണ്ടത് നിങ്ങളുടെ ആവശ്യമായിരിക്കാമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടു പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് എസ്എഫ്‌ഐക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എസ്എഫ്‌ഐ ശൈലി തിരുത്തണമെന്നും ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതതല്ല എസ്എഫ്‌ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ ആരോപിച്ചു.

എസ്എഫ്‌ഐയുടേതു പ്രാകൃത ശൈലിയാണ്. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥമറിയില്ല. ഇടതുപക്ഷത്തിന്റെ കടമയെപ്പറ്റി എസ്എഫ്‌ഐക്കാര്‍ക്ക് അറിയില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ചരിത്രം എസ്എഫ്‌ഐയെ പഠിപ്പിക്കണം. തെറ്റ് തിരുത്തിയില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിനു കാരണം കേന്ദ്രത്തിലെ ബിജെപി വിരുദ്ധത കോണ്‍ഗ്രസിന് അനുകൂലമായതണെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ഭരണവീഴ്ചയും പരിശോധിക്കണമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയത് ചര്‍ച്ചയായിരുന്നു. കണ്ണൂരില്‍ പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോഴും ശക്തമായ നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചത്. കണ്ണൂരിലെ സംഭവങ്ങള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

പ്രതിപക്ഷം ഉന്നയിക്കുന്നതിനേക്കാള്‍ മൂര്‍ച്ചയേറിയ ആരോപണങ്ങളുമായി സിപിഐ രംഗത്തെത്തുന്നതില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. രാഷ്ട്രീയ എതിരാളികളുടെ കൈയില്‍ വടി കൊടുക്കുന്നതിനു തുല്യമാണ് സിപിഐ നിലപാടെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തി പ്രശ്‌നം വഷളാക്കേണ്ടതില്ലെന്നാണ് നിലവിലെ അഭിപ്രായം.
സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐവൈഎഫിന് ക്യാംപസുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നു നേരിടേണ്ടിവരുന്ന അക്രമങ്ങളെപ്പറ്റി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എസ്എഫ്‌ഐക്ക് പ്രാമുഖ്യമുള്ള ക്യാംപസുകളില്‍ ഇടതു വിദ്യാര്‍ഥി സംഘടനയായ എഎൈവൈഎഫിനു പോലും പ്രവര്‍ത്തനസ്വാതന്ത്ര്യമില്ലെന്നും ഫാഷിസ്റ്റ് കഴുകന്‍ കൂട്ടങ്ങള്‍ എന്നാണ് സിപിഐ മുഖപത്രമായ ജനയുഗം എസ്എഫ്‌ഐക്കാരെ വിശേഷിപ്പിച്ചതെന്നും സതീശന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.