ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സിച്ച രണ്ട് സീറ്റിലും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സഹോദരന് രാഹുലിനെ അഭിനന്ദിച്ച് കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്നേഹവും കരുണയും സത്യവും കൊണ്ടാണെന്ന് പറഞ്ഞുള്ള ഹൃദയഹാരിയായ കുറിപ്പാണ് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. പലരും ദേഷ്യവും വൈരാഗ്യവും നുണപ്രചാരണങ്ങളും രാഹുലിന് നേരെ ചൊരിഞ്ഞപ്പോഴും അത് തിരിച്ചുകാണിക്കാതെ, നുണപ്രചാരണങ്ങളില്‍ വീഴാതെ രാഹുല്‍ മുന്നോട്ടു പോയെന്നും പ്രിയങ്ക കുറിച്ചു
“അവരെന്തൊക്കെ നിങ്ങളോട് പറഞ്ഞാലും ചെയ്താലും നിങ്ങള്‍ തലയുയര്‍ത്തി തന്നെ നിന്നു. അരുതാത്തത് പലതും സംഭവിച്ചപ്പോഴും നിങ്ങള്‍ പിന്മാറിയില്ല. നിങ്ങളുടെ ബോധ്യങ്ങളെ മറ്റുള്ളവര്‍ സംശയിച്ചപ്പോഴും നിങ്ങള്‍ മുന്നോട്ടു പോയി. അവരുടെ വലിയ നുണപ്രചാരണങ്ങള്ക്കിടിയിലും സത്യത്തിനു വേണ്ടിയുള്ള പോരാട്ടം നിങ്ങള്‍ അവസാനിപ്പിച്ചില്ല. ദേഷ്യവും വെറുപ്പും നിങ്ങള്‍ക്ക് നേരെ അവര്‍ ചൊരിഞ്ഞപ്പോഴും അത് നിങ്ങളെ പ്രകോപിപ്പിച്ചില്ല. നിങ്ങള്‍ സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തില്‍ നിന്നുള്ള കരുണകൊണ്ടും പോരാടി. നിങ്ങളെ ഇത്രനാളും കാണാതിരുന്നവര്‍ ഇന്നു നിങ്ങളെ കാണുന്നു. പക്ഷെ, ഒന്നു പറയട്ടെ അപ്പോഴും ഞങ്ങളില്‍ ചിലര്‍ നിങ്ങളെ എല്ലാവരേക്കാളും ധൈര്യശാലിയായാണ് എന്നും കാണുകയും അറിയുകയും ചെയ്തിട്ടുള്ളത്.” പ്രിയങ്ക കുറിച്ചു