കൊല്ലം തുഷാര കൊലക്കേസിൽ ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. സ്ത്രീധനത്തിന്റെ പേരിൽ 28കാരിയായ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. ആസൂത്രിതമായ കൊലപാതകമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊലപാതകം നടപ്പാക്കിയത്. ദിവസങ്ങളോളം തുഷാര നരകയാതന അനുഭവിച്ചു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ജുഡീഷ്യറിയെ പോലും ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് അരങ്ങേറിയതെന്നാണ് വിചാരണ വേളയിൽ കോടതിയുടെ കണ്ടെത്തൽ. പട്ടിണിക്കിട്ടില്ലെന്നും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നുമായിരുന്നു പ്രതികൾ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും സാക്ഷി മൊഴികളും തുഷാര മരണപ്പെട്ടത് പട്ടിണി കിടന്നാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു. മരിക്കുമ്പോൾ 28കാരിയായിരുന്ന തുഷാരയ്ക്ക് 21 കിലോ മാത്രമായിരുന്നു ഭാരം.
2019 മാർച്ച് 21ന് രാത്രിയിൽ തുഷാര മരിച്ചതായി പിതാവിനെ പ്രദേശവാസി അറിയിക്കുകയായിരുന്നു. ആമാശയത്തിൽ ഭക്ഷണ വസ്തുവിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. തൊലി എല്ലിനോട് ചേർന്ന് മാംസം ഇല്ലാത്ത നിലയിൽ ആയിരുന്നു. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേർന്നിരുന്നു. ശാസ്ത്രീയതെളിവുകൾക്കപ്പുറം കേസിൽ നിർണ്ണായകമായത് തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ മൊഴിയായിരുന്നു.