പുഷ്പ 2 സിനിമ പ്രദർശിപ്പിച്ച തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. തിയറ്ററിൽ അപ്രതീക്ഷിതമായി നടൻ നേരിട്ടെത്തിയതിനാലാണ് വലിയ തിരക്കുണ്ടായത്. ആന്ധ്ര സ്വദേശിയായ രേവതിയാണ് (39) മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ മാസം 4നാണ് അല്ലു അർജുൻ തിയറ്ററിലെത്തിയത്. തിയറ്ററിൽ എത്തുന്ന വിവരം ഉടമസ്ഥരെയും പൊലീസിനെയും അറിയിച്ചിരുന്നതായും, ക്രമീകരണങ്ങൾ ഏർപ്പെടുത്താന്‍ നിർദേശിച്ചിരുന്നതായും അല്ലു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി. വസ്തുതകളോ സാഹചര്യങ്ങളോ പരിഗണിക്കാതെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രമസമാധാന പരിപാലനത്തിനായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നതായും ഹർജിയിൽ വ്യക്തമാക്കി.