മഹാരാഷ്ട്രയിൽ കാർ പിന്നോട്ടെടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23-കാരിയായ ശ്വേത ദീപക് സുർവാസെയാണ് മരിച്ചത്. യുവതി കാർ ഓടിക്കാൻ പഠിക്കുന്നത് സുഹൃത്ത് സൂരജ് സഞ്ജൗ മുലെ(25) ക്യാമറയിൽ പകർത്തുന്നതിനിടെയാണ് അപകടം.
ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ള നിറത്തിലുള്ള ടൊയോട്ട എറ്റിയോസ് കാറിൽ ഡ്രൈവിങ് സീറ്റിലിരിക്കുന്ന യുവതിയെ വീഡിയോയിൽ കാണാം.
മലഞ്ചരുവിന് സമീപത്തുവെച്ച് കാർ പതുക്കെ പിന്നിലേക്ക് എടുക്കുമ്പോൾ പുറത്തുനിന്ന് വീഡിയോ എടുക്കുന്ന സുഹൃത്ത് യുവതിക്ക് നിർദേശങ്ങൾ നൽകുന്നതും കേൾക്കാം. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാർ പെട്ടെന്ന് തൊട്ടുപിന്നിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
അബദ്ധത്തിൽ ആക്സിലേറ്റർ ചവിട്ടിയതാവാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. ഔറംഗാബാദിൽനിന്ന് സുലിഭഞ്ജൻ ഹിൽസിലെ ദത്തേത്രയ ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു യുവതിയും സുഹൃത്തും.