ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കുടുബപ്രശ്നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ ഭര്‍ത്താവ് വിജയ് പ്രതാപ് ചൗഹാൻ(32) ജീവനൊടുക്കിയതിനെ തുടർന്നാണ് ഉത്തര്‍പ്രദേശിൽ ഭാര്യ ശിവാനി ആത്മഹത്യ ചെയ്തത്. ഉത്തര്‍ പ്രദേശിയിലെ ഗാസിയബാദിലാണ് സംഭവം. കുടുബപ്രശ്നത്തെ ചൊല്ലി ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ശിവാനി വീടുവിട്ടിറങ്ങി. ശിവാനിയെ ഫോണില്‍ വിളിച്ച് നീ എന്നെയിനി കാണില്ലെന്നും ഞാൻ ജീവനൊടുക്കുകയാണെന്ന് വിജയ് ഭീഷണി മുഴക്കുകയും ചെയ്തു. ശിവാനി അത് ചെവിക്കൊണ്ടില്ല. തുടർന്ന് വിജയ് പ്രതാപിന്‍റെ ബന്ധു മീര വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഈ വിവിരം ശിവാനിയെ ഫോണ്‍ ചെയ്ത് അറിയിക്കുകയും ചെയ്തു. ഈ സമയം ശിവാനി വീട്ടില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയായിരുന്നു. വിവരം അറിഞ്ഞ മനോവിഷമത്തില്‍ ശിവാനി തൊട്ടടുത്തെ ഇലക്ട്രിക്ക് പോസ്റ്റിൽ തുങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി. ആത്മഹത്യാക്കുറിപ്പോ മറ്റു സംശയാസ്പദമായ തരത്തിലുള്ള തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.