സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് അടക്കം ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോയി. യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്.പൊലീസ് വഴിയടച്ചതോടെ ഗാസിപ്പൂരില്‍ വന്‍ ഗതാഗതകുരുക്കാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനനിരയുണ്ട്. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ജനരോഷം ഉയര്‍ത്താനാണ് പൊലീസ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാവിലെ ഒമ്പതരയോടെയാണ് ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു.