ഇന്നത്തെ സിനിമകള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയിലെ അക്രമവാസന പരിശോധിക്കണം. അത് പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണ്. സിനിമയില്‍ ‘എടാ മോനെ’ എന്ന് വിളിച്ച റൗഡി ഗ്യാങ്ങിനൊപ്പം വിദ്യാര്‍ത്ഥികള്‍ പോയതുപോലെ ചില കുട്ടികള്‍ പോയതായി പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. താന്‍ പഠിക്കുന്ന കാലത്ത് രണ്ട് ഷര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ തലമുറ പഠനം ഭൗതിക നേട്ടത്തിന് മാത്രമായാണ് കാണുന്നത്. അറിവുള്ളതിനൊപ്പം കനിവുള്ളവരായിക്കൂടി കുട്ടികള്‍ വളരണം. കുഞ്ഞുങ്ങളെ വേലി കെട്ടി വളര്‍ക്കുന്ന പ്രവണതയുണ്ട്. അതില്‍ നിന്ന് രക്ഷിതാക്കള്‍ പിന്മാറണം. കുട്ടിക്കാലത്തു തന്നെ പണം മുടക്കി പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് കോച്ചിങിനെന്ന് പറഞ്ഞ് അയയ്ക്കും. ഇതൊക്കെ കുട്ടികളുടെ കുട്ടിത്തവും, കുട്ടിക്കാലത്തെ ജനാധിപത്യ ബോധവും ഇല്ലാതാക്കുന്ന നടപടികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.