വയനാട് ബീനാച്ചിയിൽ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരൻ ബൈക്കിടിച്ച് മരിച്ചു. നായ്ക്കട്ടി മറുകര രഹീഷ്- അഞ്ജന ദമ്പതികളുടെ മകൻ മൂന്ന് വയസുകാരനായ ദ്രുപത് ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30യോടെ ബീനാച്ചിയിലാണ് അപകടം. ബീനാച്ചിയിലെ കടയിൽ നിന്ന് സാധനം വാങ്ങി അഞ്ജനയുടെ പിതാവ് മോഹൻദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മുത്തച്ഛൻ മോഹൻദാസിന് നിസാര പരുക്കേറ്റു. ബീനാച്ചി ക്ഷേത്രത്തിലെ മണ്ഡല കാല പൂജാ ചടങ്ങുകൾക്കായി കുടുംബ സമേതം എത്തിയതായിരുന്നു ഇവർ.