55ആം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം 20 മുതൽ 28 വരെ ഗോവയിൽ നടക്കും. 81 രാജ്യങ്ങളിൽ നിന്നായി 180 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഓസ്ട്രേലിയയാണ് ഇത്തവണ ചലച്ചിത്രമേളയുടെ ഫോക്കസ് രാജ്യം. ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ ചിത്രമായ ‘ബെറ്റർമാനാ’ണ് ഉദ്ഘാടന ചിത്രം. മികച്ച ഇന്ത്യൻ നവാഗത സംവിധായകനായി ഏർപ്പെടുത്തിയ പുതിയ പുരസ്കാരത്തിനായി രാഗേഷ് നാരായണൻ സംവിധാനംചെയ്ത മലയാള ചിത്രം ‘തണുപ്പ് ’ ഉൾപ്പെടെ അഞ്ചു സിനിമകൾ മത്സരിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ രൺദീപ് ഹൂഡ സംവിധാനം ചെയ്ത വീർ സവർക്കറാണ് ഉദ്ഘാടന ചലച്ചിത്രം. ഓസ്‌ട്രേലിയൻ സംവിധായകനായ ഫിലിപ്പ് നോയ്‌സിന് ‘സത്യജിത്ത് റായ് ആജീവനാന്ത പുരസ്കാരം’ സമ്മാനിക്കും.
മികച്ച നവാഗത ഇന്ത്യൻ സംവിധായകനുള്ള പുരസ്കാരവും ഇക്കുറി ഏർപ്പെടുത്തിയിട്ടുണ്ട്. 15 ലോക പ്രീമിയറുകൾ, മൂന്ന് ഇന്റർനാഷണൽ പ്രീമിയറുകൾ, 40 ഏഷ്യൻ പ്രീമിയറുകൾ, 106 ഇന്ത്യൻ പ്രീമിയറുകൾ എന്നിവയുൾപ്പടെയാണ് ചലച്ചിത്രോത്സവത്തിൽ അണിനിരക്കുന്നതെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു ഡൽഹിയിൽ പറഞ്ഞു. വിഖ്യാത സംവിധായകൻ ശേഖർ കപൂറാണ് 55ആം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടർ. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 12 അന്താരാഷ്ട്ര ചലച്ചിത്രങ്ങളും മൂന്ന് ഇന്ത്യൻ ചലച്ചിത്രങ്ങളും ഉൾപ്പെടെ 15 ഫീച്ചർ ചലച്ചിത്രങ്ങളാണ് മത്സരിക്കുക. വാർത്താസമ്മളനത്തിൽ കേന്ദ്രമന്ത്രി എൽ മുരുകൻ, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, എൻഎഫ്ഡിസി ചെയർമാൻ പ്രസൂൺ ജോഷി എന്നിവരും പങ്കെടുത്തു.