പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. ആകെ 28 ദിവസം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തില്‍ ജൂണ്‍ 11 മുതല്‍ ജൂലൈ എട്ടുവരെ 13 ദിവസം ധനാഭ്യർഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവെച്ചിട്ടുള്ളത്. തദ്ദേശ വാർഡ് പുനർനിർണയം സംബന്ധിച്ച ബില്ലുകളാണ് നിയമസഭയുടെ മറ്റൊരു പ്രധാന അജണ്ട.
ധനകാര്യവും നിയമനിർമാണവുമാണ് പ്രധാന അജണ്ടകളെങ്കിലും തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ തുടർവാദമുഖങ്ങൾക്കും ചൂടേറിയ വാഗ്വാദങ്ങൾക്കും സഭാതലം വേദിയാകും. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പറഞ്ഞുതീർക്കാൻ അവശേഷിച്ചത്, ജനവിധിയടക്കം മുന്നിൽ വെച്ച് ഇഴകീറി പൂർത്തിയാക്കാനുള്ള വേദികൂടിയാകും ചർച്ചാവേള. ഇരുപക്ഷത്തും ഇതിനുള്ള തയാറെടുപ്പുകളുണ്ട്. ഫലത്തിൽ കൊണ്ടും കൊടുത്തുമാകും ഒരോ സഭാദിനങ്ങളും പിന്നിടുക.
ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്ന വാദമുയർത്തിയാകും പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും മുഖ്യമന്ത്രിയടക്കം നടത്തിയ പരാമർശങ്ങൾ നേർക്കുനേർ മറുപടി പറയാനുള്ള വേദിയായാണ് പ്രതിപക്ഷം കാണുന്നത്. പ്രതിപക്ഷ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകൾ ഭരണപക്ഷത്തും സജീവമാണ്.