Latest Malayalam News - മലയാളം വാർത്തകൾ

നീറ്റ് വിവാദത്തിൽ കേന്ദ്ര സർക്കാറിനും എൻ.ടി.എക്കും സുപ്രീംകോടതി നോട്ടീസ് 

New Delhi

വിവാദമായ നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാറിനും പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എക്കും നോട്ടീസയച്ച് സുപ്രീംകോടതി. ജൂലൈ എട്ടിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നീറ്റുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എൻ.ടി.എയുടെ ആവശ്യം കോടതി അംഗീകരിച്ചു.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 49 വിദ്യാർഥികളുടെ 10 ഹരജികളും എസ്.എഫ്.ഐ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. പരീക്ഷ റദ്ദാക്കി കുറ്റമറ്റ രീതിയിൽ പുതിയ പരീക്ഷ നടത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്. പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ സി.ബി.ഐയോ മറ്റേതെങ്കിലും സ്വതന്ത്ര ഏജൻസിയോ അന്വേഷിക്കണം. കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതി സംഭവം അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.

നീറ്റ് കൗൺസലിങ് തടയണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടുള്ള ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. അനുകൂല വിധിയുണ്ടായില്ലെങ്കിലും എൻ.ടി.എയെ കോടതി രൂക്ഷമായി വിമർശിച്ചു. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് വിശദ വാദം കേൾക്കാനായി ജൂലൈ എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Leave A Reply

Your email address will not be published.