പുതുപ്പാടി സുബൈദ കൊലക്കേസ് പ്രതി ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പൊലിസ് ഇന്ന് താമരശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. പണം നൽകാത്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം.
ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കൊലപാതകത്തിന് മുൻപ് രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്.