ആലപ്പുഴയിൽ വീടിന് സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ കുളത്തിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കായംകുളം ഭരണിക്കാവ് പള്ളിക്കൽ നടുവിലെ മുറി മങ്ങാട്ട് തറയിൽ ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അമർനാഥ്. മരിച്ച അമർനാഥ് അപസ്മാരബാധിതൻ കൂടിയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.