കൊച്ചി : സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സരാഘോഷം 2024-25 നോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 2024 ഡിസംബർ ഒമ്പതു മുതൽ 2025 ജനുവരി നാലു വരെ നീണ്ടു നിൽക്കുന്ന ക്രിസ്മസ് -പുതുവത്സരാഘോഷം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാതലത്തിൽ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലും എല്ലാ താലൂക്കുകളിലും എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ പ്രവർത്തിക്കും. ഇതിന്‍റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. ഡി ജെ പാർട്ടി പരിശോധന ,വാഹന പരിശോധന ശക്തമാക്കും, ഷാഡോ എക്സൈസ് ,കരുതൽ തടങ്കൽ എന്നവയെല്ലാം കർശനമാക്കി കൊണ്ടുള്ള നടപടിയാണ് നടത്തുക.