ചൂട് വർധിക്കുന്ന സാഹചര്യത്തിൽ കുടിവെള്ള ദൗർലഭ്യം ഉണ്ടാവാതിരിക്കാൻ ബെംഗളൂരുവിൽ കടുത്ത നടപടികൾ. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ ചുമത്തും എന്നാണ് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ് അറിയിച്ചത്. വേനൽ കടുക്കുന്നതിനാലാണ് മുൻകരുതൽ നടപടികളെന്ന് ജലവിതരണ ബോർഡ് അറിയിച്ചു. വാഹനങ്ങൾ കഴുകൽ, നീന്തൽക്കുളങ്ങൾ, പൂന്തോട്ടപരിപാലനം, നിർമ്മാണ പ്രവർത്തനങ്ങൾ, അലങ്കാര ജലധാരകൾ തുടങ്ങിയവയ്ക്ക് കുടിവെള്ളം ഉപയോഗിച്ചാൽ പിഴയൊടുക്കേണ്ടി വരും. നിയമ ലംഘകർക്ക് 5,000 രൂപ പിഴയും കുറ്റം ആവർത്തിച്ചാൽ പ്രതിദിനം 500 രൂപ അധിക പിഴയും നൽകുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷത്തേതിന് സമാനമായ ജലപ്രതിസന്ധി തടയുകയാണ് ലക്ഷ്യം. നിയന്ത്രണങ്ങൾ സംബന്ധിച്ച് ബിഡബ്ല്യുഎസ്എസ്ബി എല്ലാ ഹൗസിങ് സൊസൈറ്റികൾക്കും റെസിഡൻഷ്യൽ വെൽഫെയർ അസോസിയേഷനുകൾക്കും ഉത്തരവ് കൈമാറി. 1964ലെ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ആക്ടിലെ സെക്ഷൻ 33, 34 പ്രകാരമാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.