പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശികളായ സിദ്ധീഖിന്റെ മകൻ ഗഫൂർ (48), കുറിയ മാക്കാനകത്ത് അബ്ദുൾ സലാം (45) എന്നിവരാണ് മരിച്ചത്.
പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇസ്ലാഹ് ബോട്ട് സാഗർ യുവരാജ് എന്ന കപ്പലുമായാണ് കൂട്ടിയിടിച്ചത്. ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ചേറ്റുവയിൽ നിന്നും 16 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയ മറ്റു നാല് തൊഴിലാളികളെ മുനക്കകടവ് ഹാർബറിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.