ഭാസ്കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പ്രതിയെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഗവർണർ ഫയലിൽ ഒപ്പുവെയ്ക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് ചെയ്ത് ജയിൽമോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്ന കാര്യവും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.
2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001 ൽ വിവാഹം നടത്തിയത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.