എന്‍ഡിഎക്ക് പ്രതീക്ഷിച്ച ജയം ലഭിക്കാതായതോടെ സെന്‍സെക്സില്‍ കനത്ത തകര്‍ച്ച. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 2400 പോയന്റിലേറെ നഷ്ടത്തിലേക്ക് പതിച്ചു. 11 മണിയോടെ തകര്‍ച്ച 3,700 പോയന്റിലേറെയായി. നിഫ്റ്റിയിലെ നഷ്ടമാകട്ടെ 666 പോയന്റില്‍ നിന്ന് 1156 പോയന്റായി. 22,102 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവാഴ്ചയിലെ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 18 ലക്ഷം കോടി രൂപയിലേറെ.ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളില്‍ അഞ്ച് ശതമാനത്തിലേറെയാണ് നഷ്ടം. സെക്ടറല്‍ സൂചികകളിലേറെയും തകര്‍ച്ചയിലാണ്. നിഫ്റ്റി ബാങ്ക് സൂചികയില്‍ ആറ് ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐടി, ഓട്ടോ, റിയാല്‍റ്റി തുടങ്ങിയ സൂചികകളും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക് സൂചിക 10 ശതമാനത്തിലേറെ നഷ്ടത്തിലേക്ക് പതിക്കുകയും ചെയ്തു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്. അദാനി എന്റര്‍പ്രൈസസ് 14.50 ശതമാനത്തിലേറെ തകര്‍ന്ന് 3,114 നിലവാരത്തിലെത്തി. അദാനി പവര്‍, അദാനി പോര്‍ട് ഉള്‍പ്പടെയുള്ള ഓഹരികള്‍ 10 ശതമാനത്തോളം നഷ്ടത്തിലാണ്.
സെന്‍സെക്‌സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.