അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ. ‘ഗസ്റ്റ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയം രൂപം നൽകിയത്. തീർഥാടകർക്ക് നിലവിൽ നൽകിവരുന്ന സേവനത്തിന്റെ പരിവർത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീർഥാടകർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം മൂന്ന് കോടി തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീർഥാടകർക്ക് അവസരമൊരുക്കുന്നത്. മക്ക മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുഴുവൻ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.