ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ചുമതല നൽകി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക വക്താവായി സന്ദീപ് വാര്യർ നിയമിച്ചു. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സന്ദീപിനെ ഉൾപ്പെടുത്തി. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദികളില്‍ സജീവമാണ്. ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു.