ഗുജറാത്ത് കലാപത്തിന് തുടക്കം കുറിച്ച ഗോദ്ര വിഷയം പശ്ചാത്തലമാക്കി ഒരുക്കിയ ‘ദി സബർമതി റിപ്പോർട്ട്’ ഇന്ന് പാർലമെന്റിൽ പ്രദർശിപ്പിക്കും. വൈകുന്നേരം ഏഴ് മണിക്ക് പാർലമെന്റ് വളപ്പിലെ ബാൽ യോഗി ഓഡിറ്റോറിയത്തിലാണ് പ്രദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും സിനിമ കാണും. മറ്റ് പാർലമെന്റ് അംഗങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നേരത്തെ സണ്ണി ഡിയോൾ നായകനായ ഗദ്ദർ 2 എന്ന സിനിമ പാർലമെന്റിൽ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യ പാകിസ്താൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം പ്രദർശിപ്പിച്ചതിനെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ രംഗത്തുവന്നിരുന്നു.