പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ പാക് പോസ്റ്റുകളില്‍ നിന്ന് പാക്കിസ്ഥാന്‍ സൈനികര്‍ പിന്മാറിയെന്നാണ് വരുന്ന വിവരം. പല പാക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ല. പോസ്റ്റുകള്‍ക്ക് മുകളിലെ പാക് കൊടികളും മാറ്റിയിട്ടുണ്ട്. പോസ്റ്റുകള്‍ ഒഴിഞ്ഞത് ഇന്ത്യ തിരിച്ചടിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണെന്നാണ് സൂചന. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ എക്‌സ് പോസ്റ്റുമായി ഇന്ത്യന്‍ നാവികസേന രംഗത്തെത്തിയിരുന്നു. ‘ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ല’ എന്നാണ് കുറിപ്പ്. എപ്പോഴും ദൗത്യത്തിന് സജ്ജമെന്ന് വ്യക്തമാക്കി നേരത്തെയും നാവികസേന കുറിപ്പ് പങ്കുവെച്ചിരുന്നു. അതേസമയം, ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് കനത്ത തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്താന്‍. 24 മുതല്‍ 36 മണിക്കൂറിനുളില്‍ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താന്‍ തയ്യാറെടുക്കുകയുകയാണ് എന്നും പാക് മന്ത്രി അത്താഉല്ല തരാര്‍ പറഞ്ഞു. എക്സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.