പത്തനംതിട്ട : കേരളത്തിൽ അതിത്രീവ്ര മഴ മുന്നറിയിപ്പ്. ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്നു റവന്യു വകുപ്പ് പത്തനംതിട്ട കലക്ടർക്ക് നിർദ്ദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലേർട്ടും നാളെ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർഥാടനം നടക്കുന്ന സമയമായതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കലക്ടറുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. നിലവിൽ ശബരിമലയിൽ അതിതീവ്ര മഴയില്ല. ഇന്ന് രാത്രിയും നാളെയും അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ട്. ശബരിമലയിലെ മഴ ക്യത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നും ജനം ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.അനാവശ്യ യാത്ര ഇന്ന് രാത്രി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മന്നാർ കടലിടുക്കിന്റെ മുകളിലായി ശക്തി കൂടിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. അതാണ് കേരളത്തിലെ മഴയ്ക്കു കാരണം. 24 മണിക്കുറിനുള്ളിൽ ന്യൂനമർദം തെക്കൻ തമിഴ്നാട്ടിലെക്ക് നീങ്ങി ശക്തി കുറയും ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകും.