വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനുസമീപം റെയിൽവേയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്നൽസംവിധാനം താറുമാറായി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഏഴുതീവണ്ടികൾ ഇതേത്തുടർന്ന് വൈകി. മോഷ്ടാക്കളാണ് കേബിൾ മുറിച്ചുമാറ്റിയതെന്നാണ് ആർ.പി.എഫ്. സംശയം. കുറച്ച് കേബിൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്നൽസംവിധാനം പ്രവർത്തിക്കുന്നില്ലെന്ന വിവരം റെയിൽവേക്ക് കിട്ടിയത്. തുടർന്നുനടത്തിയ പരിശോധനയിൽ പൂവാടൻഗേറ്റിലെ കേബിൾ മുറിച്ചനിലയിൽ കണ്ടെത്തി. ഇവിടെ അടിപ്പാതനിർമാണം നടക്കുന്നതിനാൽ കേബിൾ പുറത്താണുള്ളത്. സാധാരണ ഭൂമിക്കടിയിലാണ് കേബിൾ ഉണ്ടാവുക. ചെറിയൊരുഭാഗത്ത് കേബിൾ സമീപത്തെ മരത്തിലും മറ്റുമായി കെട്ടിയിട്ടിരിക്കുകയാണ്.