മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധം ശക്തമായിരിക്കെ വിദ്യാർഥി സംഘടനകളുമായി മന്ത്രി വി. ശിവൻകുട്ടി ചർച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടറിയേറ്റിൽ വെച്ചാണ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തുക. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രി ചർച്ചക്ക് തയാറായിരിക്കുന്നത്.
അതേസമയം, പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധ മാർച്ചുമായി എസ്.എഫ്.ഐയും രംഗത്തെത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവർത്തിച്ച് പറയുമ്പോൾ, ഇടത് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നത് സർക്കാറിന് തലവേദനയായി. പ്ലസ് വൺ സീറ്റ് വിഷയത്തിൽ രാഷ്ട്രീയ പ്രേരിത സമരമാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി ശിവൻകുട്ടി ഇന്നലെയും പറഞ്ഞത്. എന്നാൽ, എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നതോടെ മന്ത്രിയുടെ ഈ ആരോപണത്തിന്‍റെ മുനയൊടിഞ്ഞിരിക്കുകയാണ്.