പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇവർ പുറത്തിറങ്ങിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ അടക്കമുള്ള നിരവധി പ്രവർത്തകർ ഇവരെ ജയിലിന് പുറത്ത് രക്തഹാരം അണിയിച്ച് സ്വീകരിച്ചു. പി ജയരാജനും എംവി ജയരാജനും ഒപ്പമുണ്ടായിരുന്നു. എന്നാൽ കാഞ്ഞങ്ങാട് ടൗണിൽ ഇവർക്ക് നല്‍കാനിരുന്ന പൊതു സ്വീകരണം സിപിഐഎം ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെയാണ് പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചത്. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്.