Latest Malayalam News - മലയാളം വാർത്തകൾ

ഒന്നരക്കോടിയുടെ 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; മോഷണം പൂന്തുറ ഉച്ചമാടൻ ദേവി ക്ഷേത്രത്തിൽ 

Thiruvananthapuram

തിരുവനന്തപുരത്ത് ക്ഷേത്രം കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം കവർന്നു. ബീമാപള്ളിക്കടുത്തുള്ള പൂന്തുറ ഉച്ചമാടൻ ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒന്നരക്കോടിയിൽ അധികം വില വരുന്ന 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവുമാണ് മോഷ്ടാക്കൾ കവർന്നത്. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്. അമ്പലത്തിന്റെ ശ്രീകോവിൽ തകർത്ത നിലയിലായിരുന്നു. ഉള്ളിൽ പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവും ഉണ്ടായിരുന്നില്ല. തുടർന്ന് പൂന്തുറ പൊലീസിനെ വിവരമറിയിച്ചു. ഒന്നരക്കോടി വിലമതിക്കുന്ന വിഗ്രഹങ്ങളാണ് മോഷണം പോയതെന്നും ക്ഷേത്രത്തിൽ ഇത്തരം സംഭവം ആദ്യമാണെന്നും അമ്പലഭാരവാഹികൾ പറഞ്ഞു.

പൂന്തുറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞദിവസം വിഴിഞ്ഞത്തും സമാന രീതിയിൽ മോഷണം നടന്നിരുന്നു. ഇതേ സംഘം ആകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടാതെ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

 

Leave A Reply

Your email address will not be published.