Latest Malayalam News - മലയാളം വാർത്തകൾ

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായിട്ടില്ല: എൻ കെ പ്രേമചന്ദ്രൻ 

Thiruvananthapuram

സോളാർ അഴിമതിക്കേസിൽ എൽ.ഡി.എഫ് നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഒത്തുതീർക്കാൻ ഇടനിലക്കാരനായി എന്ന വെളിപ്പെടുത്തൽ തള്ളി ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഇടത് പ്രതിനിധിയായി യു.എഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയെന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തി​ന്റെ വെളിപ്പെടുത്തലാണ് പ്രേമചന്ദ്രൻ തള്ളിയത്.

മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ അടിസ്ഥാന രഹിതമാണെന്നും സമരം അവസാനിപ്പിക്കാൻ എൽ.ഡി.എഫ് നേതൃത്വം തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫ് നേതൃത്വവുമായി പ്രത്യക്ഷമായോ പരോക്ഷമായോ തന്നെ നിയോഗിച്ചിട്ടില്ല. സമരത്തിൽ നിന്ന് യു.ഡി.എഫിനും എൽ.ഡി.എഫിനും രാഷ്ട്രീയ നേട്ടമുണ്ടായി. തെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു. സെക്രട്ടേറിയറ്റ് നടയിൽ പ്രസംഗിച്ചു നിൽക്കുമ്പോഴാണ് സമരം അവസാനിപ്പിച്ച കാര്യം അറിഞ്ഞത്. സമരം അവസാനിപ്പിക്കുന്നതിൽ ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ പരിധിയിൽ വരണമെന്ന ടേംസ് ഓഫ് റഫറൻസ് തയാറാക്കിയത് താനാണ്. അതല്ലാതെ മറ്റൊന്നിലും പങ്കാളിയായിട്ടില്ല.-പ്രേമചന്ദ്രൻ പറഞ്ഞു. വി.എസിന്റെ പിടിവാശിയാണ് സമരം എന്ന ആരോപണവും പ്രേമചന്ദ്രൻ തള്ളി.

Leave A Reply

Your email address will not be published.